സാവിയെ എത്തിക്കാൻ തന്നെ ബാഴ്‌സ; അന്തിമ പ്രഖ്യാപനം ഉടൻ

ദോഹ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിലെ പരിശീലക കസേരയില്‍ വീണ്ടും ഇളക്കിപ്രതിഷ്ഠയുണ്ടായതോടെ കണ്ണുകളെല്ലാം പഴയ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസില്‍. റൊണാള്‍ഡ് കൂമാനെ പുറത്താക്കി ഒരാഴ്ചകഴിഞ്ഞെങ്കിലും സാവിയെ സ്വന്തമാക്കിയേ അടങ്ങു എന്നമട്ടിലാണ് ബാഴ്‌സലോണയുടെ നീക്കം. സഹപരിശീലകനായിരുന്ന സെര്‍ജി ബാര്‍യുവാനു കീഴില്‍ ടീം രണ്ടു മത്സര പൂര്‍ത്തിയാക്കിയെങ്കിലും സാവിയെ നൂകാപിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സ അവസാനിപ്പിച്ചിട്ടില്ല. വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ ഒന്നാം നമ്പര്‍ ടീമായ അല്‍ സദ്ദ് സാവിയെ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയെങ്കിലും ചര്‍ച്ചകള്‍ക്കായി ബാഴ്‌സലോണ പ്രതിനിധികള്‍ ദോഹയിലുണ്ട്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റഫ യൂസ്‌തെ, ഫുട്ബാള്‍ ഡയറക്ടര്‍ മത്യൂ അല്‍മനി എന്നിവര്‍ ബുധനാഴ്ച സാവിയുടെ അല്‍ സദ്ദിന്റെ മത്സരം നടന്ന വേദിയിലുണ്ടായിരുന്നു. ബാഴ്‌സലോണ പ്രതിനിധികള്‍ അല്‍ സദ്ദ് അധികൃതരുമായി ചര്‍ച്ച നടത്തിയതായി ‘ഇന്‍സൈഡ് ഖത്തര്‍’ ട്വീറ്റ് ചെയ്തു. ക്ലബുമായുള്ള കരാര്‍ നിലനില്‍ക്കെ അനുമതിയോടെ മാത്രമേ സാവിക്ക് ബാഴ്‌സലോണയുടെ ചുമതലയേല്‍ക്കാന്‍ കഴിയൂ. ‘ചര്‍ച്ചകള്‍ നടക്കുകയാണ്, നാളെയോടെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ -ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിനെതിരായ മത്സരത്തിനു പിന്നാലെ സാവിയുടെ പ്രതികരണം.

അതേസമയം, ബാഴ്‌സലോണ സംഘവുമായി ചര്‍ച്ച നടത്തിയാതായി സ്ഥിരീകരിച്ച അല്‍ സദ്ദ് സി.ഇ.ഒ കോച്ചിനെ നിലനിര്‍ത്താനാണ് തങ്ങളുടെ താല്‍പര്യമെന്ന് വ്യക്തമാക്കി.

1991ല്‍ യൂത്ത് ടീമില്‍ അംഗമായി 24 വര്‍ഷം ബാഴ്‌സലോണയുടെ താരമായി നിറഞ്ഞു നിന്ന സാവി, 2015ലാണ് ഖത്തര്‍ ക്ലബായ അല്‍സദ്ദിലെത്തുന്നത്. ബാഴ്‌സലോണ സീനിയര്‍ ടീമില്‍ 17 വര്‍ഷകൊണ്ട് 505 മത്സരങ്ങള്‍ കളിച്ച താരം അല്‍സദ്ദില്‍ കളിക്കാരനായാണ് വന്നത്. ശേഷം, 2019ല്‍ പരിശീലക കുപ്പായവും ഏറ്റെടുത്തു. 2020 ആഗസ്റ്റില്‍ ക്വികെ സെത്യാനെ പുറത്താക്കിയതിനു പിന്നാലെ സാവിയെ പരിശീലകനായി നിയമിക്കാന്‍ ശ്രമിച്ചെങ്കിലും മുന്‍ സ്പാനിഷ് താരം പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകനായ കൂമാനെ നൂകാംപിലെത്തിച്ചത്. ആ പരീക്ഷണവും പാളിയതോടെ മധ്യനിരയിലെ പഴയ മജീഷ്യനില്‍ തന്നെ ബാഴ്‌സലോണ വിശ്വസമര്‍പ്പിക്കുകയാണ്.

 

Top