പെനാല്‍റ്റി ഷൂട്ടൗട്ടിൽ സോസിഡാഡിനെ മറികടന്ന് ബാഴ്‌സലോണ

കോര്‍ഡോബ: പെനാല്‍റ്റി ഷൂട്ടൗട്ടിൽ റയല്‍ സോസിഡാഡിനെ കീഴടക്കി ബാഴ്‌സലോണ. ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പ്രകടനമാണ് ബാഴ്‌സലോണയെ വിജയത്തിലെത്തിച്ചത്. ഇതോടെ ബാഴ്‌സലോണ സൂപ്പര്‍ കപ്പ് ഫുട്ബോൾ ഫൈനലില്‍ എത്തി. അധികസമയത്ത് രണ്ട് നിര്‍ണായക സേവുകള്‍ നടത്തിയ ടെര്‍‌സ്റ്റേഗന്‍ ഷൂട്ടൗട്ടിലും രണ്ട് കിക്കുകള്‍ തടുത്തിട്ടു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പരിക്ക് കാരണം ലയണല്‍ മെസ്സി ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 39-ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സോസിഡാഡിന്റെ സമനില ഗോള്‍ നേടി. റയല്‍മാഡ്രിഡ് – അത്‌ലറ്റിക് ബില്‍ബാവോ മത്സര വിജയികളായിരിക്കും ഫൈനലില്‍ ബാഴ്‌സയുടെ എതിരാളികള്‍.

Top