സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണ

സെവിയ്യ: സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണ. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. ഫെറാന്‍ ടോറസിന്റെ ഹാട്രിക് മികവിലാണ് ബാഴ്‌സ ബെറ്റിസിനെ മറികടന്നത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിലാണ് ബാഴ്‌സ അത്ഭുതകരമായി തിരിച്ചുവന്നത്.

മറ്റൊരു മത്സരത്തില്‍ ജിറോണ എഫ്‌സി സെവിയ്യയെ തകര്‍ത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജിറോണയുടെ വിജയം. പോയിന്റ് ടേബിളില്‍ ഒന്നാമതും ജിറോണയാണ്. റയല്‍ രണ്ടാമതും ബാഴ്‌സലോണ മൂന്നാമതുമാണ്.ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുമെന്ന് തോന്നിയിടത്താണ് ജാവോ ഫെലിക്‌സിന്റെ ഗോളുണ്ടായത്. 90-ാം മിനിറ്റിലായിരുന്നു ഫെലിക്‌സ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. 92-ാം മിനിറ്റില്‍ ഫെറാന്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഇതോടെ ബാഴ്‌സ ആധികാരിക വിജയം പൂര്‍ത്തിയാക്കി.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബാഴ്‌സ ഒരു ഗോളിന് മുന്നിലായിരുന്നു. 21-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോള്‍ മഴ പിറന്നു. 48-ാം മിനിറ്റില്‍ ഫെറാന്‍ രണ്ടാം ഗോള്‍ നേടി. 56, 59 മിനിറ്റില്‍ ഇസ്‌കോ നേടിയ ഗോളിലൂടെ ബെറ്റിസ് ബാഴ്‌സയ്‌ക്കൊപ്പമെത്തി.

Top