barcase-k babu

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിലും ബാര്‍ കോഴക്കേസിലും പ്രതിചേര്‍ക്കപ്പെട്ട മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ ബാബുവിനോട് വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്തു ബാര്‍–ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.

ബാബുവും കൂട്ടുപ്രതികളായ ബിനാമികളും തമ്മിലുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ പരിശോധന നടന്നുവരികയാണ്. ഇതു പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബാബുവിനെ ചോദ്യം ചെയ്യുക.

അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സ്‌പെഷല്‍ സെല്ലിനു കെ. ബാബുവും ബിനാമികളായ ബാബുറാം മോഹനന്‍ എന്നിവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പറയുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ നല്‍കിയ ഫോണ്‍കോള്‍ രേഖകളില്‍ നിന്നാണു നിര്‍ണായക തെളിവ് ലഭിച്ചതെന്നാണ് സൂചന. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

പരിശോധന പൂര്‍ത്തിയാക്കി ബാബുവിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top