Barbribe case; congress high command plan to change Kerala leaders

ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍പ്പെട്ട് രണ്ട് മന്ത്രിമാര്‍ രാജിവയ്ക്കാനിടയായ സാഹചര്യത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ‘ആവശ്യമായ’തീരുമാനം എടുക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ കെ എം മാണിക്ക് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ ബാബുവിനും മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാനിടയായ സാഹചര്യം ഗൗരവമായാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്.

കോടതി ഇടപെടലുണ്ടാകുന്നത് വരെ രാജി നീട്ടിക്കൊണ്ട് പോയ നടപടിയില്‍ കടുത്ത അതൃപ്തി ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന.

കെഎം മാണിയുടെ കാര്യത്തിലില്ലാത്ത ‘പരിഗണന’ ബാബുവിന് നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സാഹചര്യങ്ങള്‍ക്കിട നല്‍കുന്നുവെന്ന നിഗമനത്തിലാണ് ഹൈക്കമാന്റ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായം ദേശിയ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

നേരത്തെ രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ടത് ഫലത്തില്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് അനുകൂലമാകുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.

ആഭ്യന്തര-വിജിലന്‍സ് മന്ത്രി എന്ന നിലയില്‍ മുന്‍പുണ്ടായിരുന്ന പ്രതിച്ഛായ രമേശ് ചെന്നിത്തലക്ക് നഷ്ടമായതും വിജിലന്‍സിനെ ഹൈക്കോടതിയും ഇപ്പോള്‍ വിജിലന്‍സ് കോടതിയും പ്രഹരിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍, സ്വന്തം വകുപ്പില്‍ പരാജയമായ ഒരു മന്ത്രിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുള്ളത്.

മാത്രമല്ല ബാര്‍കേസില്‍ ചെന്നിത്തലയും കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട് എന്നതും അദ്ദേഹത്തിന് ഇപ്പോള്‍ വിനയായി മാറിയിരിക്കുകയാണ്.

ദേശീയ തലത്തില്‍ പിടിച്ച് നില്‍ക്കാന്‍ കേരളത്തിലെ വിജയം അനിവാര്യമായതിനാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിവെച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഉയര്‍ത്തിക്കാട്ടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

പ്രവര്‍ത്തക സമിതിയിലെ ചില മുതിര്‍ന്ന നേതാക്കളുമായി ഇതിനകം തന്നെ ഇക്കാര്യം രാഹുല്‍ ചര്‍ച്ച ചെയ്തതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബാര്‍കോഴക്കേസില്‍ തട്ടി മന്ത്രി കെ ബാബു കൂടി വീണതോടെ പ്രതിപക്ഷ ആക്രമണം ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും നേരെ തിരിഞ്ഞതും ഹൈക്കമാന്റ് വീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ നിലനില്‍പ്പിന് സഹായകരമായിരുന്നു.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഈ അവസ്ഥയ്ക്ക് ഹൈക്കമാന്റില്‍ തന്നെ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു.

നേതൃമാറ്റം ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയും സംഘവും ആയതിനാലാണ് അക്കാര്യത്തില്‍ ഹൈക്കമാന്റ് മനസ് തുറക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം ചെന്നിത്തല കൂടി പ്രതിരോധത്തിലായത് സുധീരന്റെ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് എ-ഐ ഗ്രൂപ്പുകളിലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇതിനകം തന്നെ സുധീരപക്ഷത്തേക്ക് കൂടുമാറിയയിട്ടുണ്ട്.

അഴിമതിരഹിത പ്രതിച്ഛായയാണ് സുധീരനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

Top