ബാര്‍ബിയും ഓപ്പണ്‍ഹൈമറും മുന്നില്‍ ; 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം നാളെ

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം നാളെ. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതലാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടക്കുക. ചടങ്ങിന്റെ റെഡ് കാര്‍പെറ്റ് സെഗ്മെന്റ് രാവിലെ 5:30 മുതല്‍ ആരംഭിക്കും. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സില്‍ നിന്നാണ് ഷോ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ലയണ്‍സ്‌ഗേറ്റ് പ്ലേയില്‍ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് സ്ട്രീം ചെയ്യാന്‍ സാധിക്കുക.

സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും നടനുമായ ജോ കോയാണ് ഈ വര്‍ഷം പുരസ്‌കാര പ്രഖ്യാപനം അവതരിപ്പിക്കുന്നത്. ജോ കോയ് ആദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് അവതരിപ്പിക്കുന്നത്. കൂടാതെ മിഷേല്‍ യോ, വില്‍ ഫെറല്‍, ആഞ്ചല ബാസെറ്റ്, അമാന്‍ഡ സെയ്ഫ്രഡ് തുടങ്ങിയ അവതാരകരും പങ്കെടുക്കും. ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഷോ എന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷം. ഡിക്ക് ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സീനും എല്‍ഡ്രിഡ്ജ് ഇന്‍ഡസ്ട്രീസിനുമാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ഷോയുടെ അവകാശങ്ങള്‍.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒന്‍പത് നോമിനേഷനുകളുമായി ബാര്‍ബിയാണ്. എട്ട് നോമിനേഷനുകളുമായി ഓപ്പണ്‍ഹൈമറും തൊട്ടുപിന്നിലുണ്ട്. ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍, എമ സ്റ്റോണ്‍ നായികയായ പുവര്‍ തിങ്സ് എന്നീ സിനിമകള്‍ക്ക് ഏഴ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.

എമ സ്റ്റോണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ, കീലിയന്‍ മര്‍ഫി, ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് എന്നിവര്‍ മികച്ച അഭിനയത്തിനുള്ള നോമിനേഷനുകളില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് നോമിനേഷനുകള്‍ നേടി ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം സൗത്ത് കൊറിയന്‍ ചിത്രമായ പാസ്റ്റ് ലൈവ്സ് മാറി. സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടം, ടെലിവിഷനിലെ സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലെ മികച്ച പ്രകടനം എന്നീ രണ്ട് പുതിയ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ ചടങ്ങ് കൂടിയാണിത്.

Top