Barack Obama’s half-brother Malik says he’s voting for Donald Trump

നയ്‌റോബി: നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനാണെന്ന് പ്രസിഡന്റ് ബറാക് ഒബാമയുടെ അര്‍ദ്ധസഹോദരന്‍ മാലിക് ഒബാമ.

ട്രമ്പിന്റെ നയങ്ങള്‍ തനിക്ക് ഇഷ്ടപ്പെട്ടെന്നും സഹോദരന്റെ നേതൃത്വത്തില്‍ നിരാശനാണെന്നും മാലിക് പറഞ്ഞു.

അമേരിക്കന്‍ പൗരനായ മാലിക് നിലവില്‍ പിതാവിന്റെ സ്വദേശമായ കെനിയയിലെ കൊഗീലോയിലാണുള്ളത്.

ഡൊണാള്‍ഡ് ട്രമ്പ് ഹൃദയത്തില്‍ നിന്നുള്ള കാര്യങ്ങള്‍ പറയുന്നയാളാണെന്നും വളരെ ലാളിത്യമുള്ള മനുഷ്യനാണെന്നും മാലിക് ഒബാമ അഭിപ്രായപ്പെട്ടു.

ട്രമ്പ് നേരെ വാ നേരെ പോ ശൈലിക്കാരനാണ്. അയാള്‍ രാഷ്ട്രീയമായ ശരികള്‍ തേടി കാപട്യം കാണിക്കുന്നവനല്ല. മുസ്ലീങ്ങള്‍ക്കെതിരായ ട്രമ്പിന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ല.

അമേരിക്കയില്‍ ജീവിക്കുന്ന മുസ്ലീമായ തനിക്ക് അത് മനസിലാക്കാന്‍ കഴിയുമെന്നും ഇസ്ലാമിന്റെ പേര് പറഞ്ഞ് ആളുകളെ വെടിവച്ച് കൊല്ലുന്ന പരിപാടി അംഗീകരിക്കാനാവില്ലെന്നും മാലിക് പറഞ്ഞു.

2009ല്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഒബാമയെക്കുറിച്ച് അമേരിക്കയിലും കെനിയയിലുമെല്ലാം ഉണ്ടായിരുന്നത്. എന്നാല്‍ ബറാക് തീര്‍ത്തും നിരാശപ്പെടുത്തി.

അമേരിക്കയ്ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ലെന്നും മാലിക് ആരോപിച്ചു. നേരത്തെ വലിയ അടുപ്പത്തിലായിരുന്ന ബറാകും മാലികും പിന്നീട് അകന്നിരുന്നു.

ഒബാമയുടെ പിതാവ് ബറാക് ഒബാമ സീനിയറിന്റെ ജന്മഗ്രാമമാണ് കൊഗീലോ. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഒബാമ ഇവിടെയെത്തിയിരുന്നു.

Top