Bar scandal:V.S Sivakumar- Ramesh chennithala- Biju Ramesh

കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ബാര്‍ കോഴ ആരോപണവുമായി ബാര്‍ അസോസിയേഷന്‍ വര്‍ക്കിംങ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്.

ബാര്‍ കോഴയില്‍ ബന്ധമുള്ള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണ്. കേസ് അട്ടിമറിച്ചതും രമേശ് ചെന്നിത്തല തന്നെയാണ്.

മന്ത്രി വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ബിജു തുറന്നടിച്ചു. ബാര്‍ അസോസിയേഷന്‍ നേതാവ് ധനേഷിന്റെ കൈയില്‍ ഇതുസംബന്ധമായ വ്യക്തമായ തെളിവുകളുണ്ട്.

മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് ഓരോ തവണയും കെ. ബാബു പണം വാങ്ങിയത്. ബാബുവിന്റെ രാജി സ്വീകരിക്കാതിരിക്കുന്നത് മുകളിലുള്ളവരെ സംരക്ഷിക്കാനാണെന്നും ബിജു രമേശ് ആരോപിച്ചു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

നേരത്തെ ബാര്‍ കോഴയില്‍ നാല് മന്ത്രിമാര്‍ ഉണ്ടെന്ന് ബിജു രമേശ് വ്യക്തമാക്കിയിരുന്നെങ്കിലും ആഭ്യന്തര മന്ത്രിയുടെ പേര് തുറന്നുപറഞ്ഞിരുന്നില്ല. ഇത് ആദ്യമായാണ് ചെന്നിത്തലയെ ബിജു രമേശ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയാണ് ചെന്നിത്തലയെന്നതിനാല്‍ ചെന്നിത്തലക്ക് വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട സാഹചര്യം വരും നാളുകളില്‍ ഉരുത്തിരിയും. നേരത്തെ പാമോയില്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര- വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞിരുന്നു. ഈ മാതൃക ചെന്നിത്തല പിന്‍തുടരുമോയെന്നാണ് ഇനി അറിയേണ്ടത്.

ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രമേശ് ചെന്നിത്തലയും ശിവകുമാറും രാജി വയ്‌ക്കേണ്ടി വരുമെന്ന അഭിപ്രായത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. കെ. ബാബുവിന്റെ രാജിക്ക് കാരണമായത് വിജിലന്‍സ് വകുപ്പിന്റെ പാളിച്ചയാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസിലെ എ വിഭാഗം ‘രണ്ട് നീതി’ പറ്റില്ലെന്ന നിലപാടിലാണ്.

നിലവിലെ സാഹചര്യത്തില്‍ ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലും പുതിയ ആരോപണം വഴിത്തിരിവാകാനാണ് സാധ്യത.

Top