Bar scandal: Kodiyeri Balakrishnan-K.Babu-Oommen chandy

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ നോക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ മുഖമടച്ചുള്ള അടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെ.ബാബുവിനെതിരെ കേസെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇനിയെങ്കിലും ബാബുവിന്റെ രാജിക്കത്ത് പോക്കറ്റില്‍ കൊണ്ടുനടന്ന് വൈകിക്കാതെ ഉമ്മന്‍ചാണ്ടി അത് ഗവര്‍ണര്‍ക്ക് കൈമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബാര്‍ കോഴ കേസ് അന്വേഷിച്ചാല്‍ എത്തിച്ചേരുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അതിനാലാണ് ആഭ്യന്തര വകുപ്പിനെ മറികടന്നും മുഖ്യമന്ത്രി കേസില്‍ ഇടപെടുന്നത്. അടച്ച ബാറുകള്‍ തുറക്കുന്നതിനു വേണ്ടി പണവുമായി കെ.എം.മാണിയേയും ബാബുവിനേയും പി.കെ.കുഞ്ഞാലിക്കുട്ടിയേയും കാണാന്‍ നിര്‍ദ്ദേശിച്ചത് ഉമ്മന്‍ചാണ്ടിയാണ്.

കോഴപ്പണവുമായി തന്നെ കാണാനും ബാറുകാരെത്തിയിരുന്നുവെന്നും വാങ്ങിയിരുന്നുവെങ്കില്‍ കുടുങ്ങിയേനെയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുള്ളതാണ്. തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നപ്പോള്‍ ബാബു പറഞ്ഞത് താന്‍ ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കുകയാണ് എന്നാണ്. അല്ലാതെ തനിക്കെതിരെ കോടതിയില്‍ പരാമര്‍ശം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഹൈക്കാടതി ബാബുവിനെതിരെ കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് വീണ്ടും വ്യക്തമാക്കിയതോടെ ധാര്‍മികതയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Top