കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി. കേസ് തള്ളുകയല്ല കോടതി ചെയ്തത് മറിച്ച് സ്റ്റേ നല്‍കാതിരിക്കുകയാണുണ്ടായത് പിന്നെ എങ്ങനെയാണ് വിധി തിരിച്ചടിയാവുകയെന്നും മാണി ചോദിച്ചു.
നേരത്തെ, വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ഈ മാസം 16ന് നിശ്ചയിച്ചിരിക്കുന്ന വിജിലന്‍സ് കോടതി നടപടികള്‍ തുടരട്ടെ എന്നും നിരീക്ഷിച്ച ജസ്റ്റീസ് പി.ഡി.രാജന്‍, വിജിലന്‍സ് കോടതി നടപടികള്‍ക്ക് ശേഷവും ഹര്‍ജിക്കാരന് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.