bar scam vigilance seeks more time to submit probe report

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ്. 45 ദിവസത്തെ സാവകാശമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്.

തല്‍സ്ഥിതി റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

ബാറുടമ ബിജു രമേശ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്നും കോടതിയെ വിജിലന്‍സ് അറിയിച്ചു.

ഹൈദരാബാദ് ഫോറന്‍സിക് ലാബിലാണ് പരിശോധനയ്ക്കായി സിഡി അയച്ചിട്ടുള്ളത്. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച് കോടതി കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 31 ലേക്ക് മാറ്റി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Top