bar scam-investigation against officers

തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി, എസ്പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്തുവാന്‍ കോടതി ഉത്തരവിട്ടു.

ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് ഡയറിയില്‍ തിരുത്തലുകളുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ച കോടതി കേസ് ഡയറിയില്‍ ചില വെട്ടിതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചു.

മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ടു കൊണ്ട് മൂന്ന് കത്തുകള്‍ അന്ന് വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍റെഡ്ഡി എസ്പി ആര്‍ സുകേശന് അയച്ചിട്ടുണ്ട്.

2015 ഡിസംബര്‍ 22,26 തീയതികളിലും 2016 ജനുവരി 11-നുമാണ് ശങ്കര്‍റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചത്. ഇതില്‍ രണ്ടാമത്തെ കത്തില്‍ കേസിലെ മുഖ്യസാക്ഷിയായ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ഒഴിവാക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

കേസ് അട്ടിമറിക്കാനായി നടത്തപ്പെട്ട നീക്കങ്ങളായാണ് ഇതിനെയെല്ലാം വിലിയിരുത്തേണ്ടതെന്ന് അന്വേഷണ ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു.

തന്റെ ഉന്നത ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡയറക്ടറുടെ വാദം സുകേശന്‍ അതേപടി നടപ്പാക്കിയെന്നും വിലയിരുത്തി കൊണ്ടാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top