ബാര്‍കോഴക്കേസ് തുടരന്വേഷണം; വിഎസും മാണിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

highcourt

കൊച്ചി: ബാര്‍കോഴക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനും കെഎം മാണിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് വിഎസിന്റെ ഹര്‍ജി.

കഴിഞ്ഞ ജൂലൈയില്‍ അഴിമതി നിരോധന നിയമത്തിലുണ്ടായ ഭേദഗതിപ്രകാരമാണ് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്ന് വിജിലന്‍സ് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചത്. എന്നാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് ഈ ഭേദഗതി ബാധകമാകില്ല എന്ന് വിഎസ് ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ നടപടി എടുക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎം മാണി ഹൈക്കോടതിയില്‍ എത്തിയത്. തനിക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കണം. ഇടക്കാല ഉത്തരവിലൂടെ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കെഎം മാണി ആവശ്യപ്പെടുന്നു.

Top