സുപ്രീംകോടതിയിലെ പ്രതിസന്ധി: ഏഴംഗ സമിതിയുമായി ബാര്‍ കൗണ്‍സില്‍

supreame court

ന്യൂഡല്‍ഹി: സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ രംഗത്ത്. പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതിയെ ബാര്‍കൗണ്‍സില്‍ ചുമതലപ്പെടുത്തി.

സുപ്രീം കോടതി ജഡ്ജിമാരുമായി സമിതി കൂടിക്കാഴ്ച നടത്തും. വാര്‍ത്താ സമ്മേളനം നടത്തിയവരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ചര്‍ച്ചകള്‍ക്ക് തയാറായെന്നും ബാര്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരെയും കാണും. ഒടുവില്‍ ചീഫ് ജസ്റ്റീസുമായും ചര്‍ച്ച നടത്തും. ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ബാര്‍കൗണ്‍സില്‍ അറിയിച്ചു.

സുപ്രീം കോടതിയുടെ മുന്നിലെത്തുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള കോടതികള്‍ പരിഗണിക്കണം. ഇതുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കണം. എന്നാല്‍ കേസ് വിഭജിക്കുന്നതില്‍ അപാകതയുള്ളതായി തോന്നുന്നില്ലെന്നും ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രമേയം ഐകകണ്‌ഠ്യേന ബാര്‍കൗണ്‍സില്‍ പാസാക്കി. ചീഫ് ജസ്റ്റീസിന് പ്രമേയം അയച്ചുനല്‍കുമെന്നും വികാസ് സിംഗ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ബാര്‍കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ജുഡീഷറിയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കാന്‍ ആഗ്രഹിക്കരുത്. ജനങ്ങള്‍ക്ക് ജുഡീഷറിയോട് അചഞ്ചലമായ വിശ്വാസമാണുള്ളതെന്നും വികാസ് സിംഗ് പറഞ്ഞു.

Top