Bar case; Possibility of CBI Enquiry

കൊച്ചി: കെ.എം മാണിക്കും കെ ബാബുവിനും പിന്നാലെ രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ കൂടി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ബാര്‍ കോഴക്കേസ് സിബിഐക്ക് വിടാന്‍ സാധ്യത.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലവില്‍ വി.എസ് സുനില്‍കുമാര്‍ എംഎല്‍എ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

സരിതയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കാനുള്ള വിജിലന്‍സ് കോടതി നിര്‍ദ്ദേശം ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.

ഈ സര്‍ക്കാരിന്റെ കീഴില്‍ നീതിയുക്തമായ അന്വേഷണം വിജിലന്‍സിന് നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായതിനാല്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സോളാര്‍ കേസിലെന്ന പോലെ ബാര്‍ കോഴക്കേസിലും മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉണ്ട്. മന്ത്രി ബാബു ബാറുടമകളില്‍ നിന്നും പണം വാങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് ബിജു രമേശിന്റെ പ്രധാന ആരോപണം.

വിജിലന്‍സ് വകുപ്പ് കൈയാളുന്ന രമേശ് ചെന്നിത്തലക്ക് ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന ബിജു രമേശിന്റെ ഒടുവിലെ വെളിപ്പെടുത്തലും സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

മാത്രമല്ല ബാര്‍കോഴക്കേസില്‍ മന്ത്രിമാരായിരുന്ന കെ.എം മാണിയുടേയും കെ ബാബുവിന്റേയും പങ്ക് സംബന്ധമായി നടത്തിയ അന്വേഷണത്തിലും ഇതുസംബന്ധമായി നല്‍കിയ റിപ്പോര്‍ട്ടിലും വിജിലന്‍സ് കോടതിയും ഹൈക്കോടതിയും വിജിലന്‍സിനെതിരെ ആഞ്ഞടിച്ച സാഹചര്യവും സിബിഐ അന്വേഷണ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍കോഴക്കേസ് സിബിഐക്ക് വിടുന്നതോടെ പന്ത് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും കോര്‍ട്ടിലാകും

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ ബാര്‍കോഴക്കേസ് സിബിഐ അന്വേഷണത്തിന് വിട്ടാല്‍ അത് ബിജെപി, യുഡിഎഫിനെതിരായ ആയുധമാക്കി മാറ്റുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുമുണ്ട്.

സര്‍ക്കാര്‍ നിലം പൊത്തിയാല്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ബാര്‍ ഉടമകള്‍ കൂട്ടത്തോടെ രംഗത്ത് വരുമെന്ന ഭയവും യുഡിഎഫ് നേതൃത്വത്തെ അലട്ടുന്നുണ്ട്.

Top