bar case; M.M hasan aganist v.m sudeeran

തിരുവനന്തപുരം : ബാര്‍ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ കുരുക്കി വിജിലന്‍സ് നടപടി ശക്തമാക്കിയിരിക്കെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുടരുന്ന് മൗനത്തില്‍ കോണ്‍ഗ്രസ്സ് എ ഗ്രൂപ്പില്‍ പ്രതിഷേധം ശക്തമാകുന്നു.

ബാബുവിന് രാഷ്ട്രീയ പിന്തുണ നല്‍കേണ്ടതാണെന്നും ഇക്കാര്യത്തില്‍ സുധീരന്റെ മൗനം ദൗര്‍ഭാഗ്യകരമണെന്നുമാണ് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്റെ നിലപാട്.

എ ഗ്രൂപ്പിന്റെ വികാരം പരസ്യമായിതന്നെ പ്രഖ്യാപിക്കുക വഴി കോണ്‍ഗ്രസ്സിനുള്ളില്‍ ഒരു പൊട്ടിത്തെറിക്ക് വഴിമരുന്നിടുകയാണ് എംഎം ഹസ്സന്‍ ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ആരംഭിച്ച വിജിലന്‍സ് ‘ഓപ്പറേഷന്‍’ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ബാബുവിന്റെയും ബിനാമികളുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘം ഒട്ടേറെ രേഖകളും പണവും പിടിച്ചെടുത്തിരുന്നു.

ഇന്ന് ബാബുവിന്റെ മകളുടെ പേരിലുള്ള അക്കൗണ്ട് പരിശോധിക്കുന്നതിനും ബാബുവിന്റെ ബിനാമിയാണെന്ന് പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ബാബുറാമിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള അന്വേഷണവുമാണ് പ്രധാനമായും നടത്തിയത്.

കെ ബാബുവിന്റെ പിഎ നന്ദകുമാറിനെ വിളിച്ച് വരുത്തി വിജിലന്‍സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് തൊട്ട് പിന്നാലെയാണ് മൂത്തുറ്റ് ഫിനാന്‍സില്‍ നേരത്തെ ഇന്‍കം ടാക്‌സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശം ആവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സംബന്ധിച്ച വിശദാംശം അറിയുന്നതിനായിരുന്നു ഇത്. രേഖാമൂലം കത്ത് ലഭിച്ചതിനാല്‍ കേന്ദ്ര ഏജന്‍സിയാണെങ്കിലും ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറേണ്ടിവരും.ഇത് യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതാണ് .

കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാരുമായി നടന്ന പ്രധാന ഇടപാടുകളിലെല്ലാം പ്രധാനിയായിരുന്നു മുഖ്യമന്ത്രിയുടെ വലം കൈ ആയ ബാബു എന്നതിനാല്‍ ഇനിയും പ്രതിരോധവുമായി രംഗത്ത് വന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും കുരുക്കിലാകുമെന്ന ഭീതിയിലാണ് എ വിഭാഗം.

കെപിസിസി പ്രസിഡന്റ് മൗനം പാലിച്ചതോടെ പ്രതികരിച്ചാല്‍ കുഴപ്പമാവുമോ എന്ന ചിന്തയില്‍ പ്രമുഖ നേതാക്കളെല്ലാം മൗനത്തില്‍ തന്നെയാണ്.

ഇതിന് വിരാമമിട്ട് രണ്ടും കല്‍പ്പിച്ച് പ്രതികരിക്കണമെന്നാണ് എ ഗ്രൂപ്പ് നേതാക്കളോട് ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ അഴിമതി സംബന്ധമായ പ്രശ്‌നമായതിനാലും പുന:സംഘടന വിളിപ്പാടകലെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസിഡന്റിനെ മറികടന്ന് പ്രതികരിച്ചാല്‍ നടപടിക്ക് വിധേയനാവുമോ എന്ന ആശങ്ക നേതാക്കള്‍ക്കിടയിലുണ്ട്.

ഐ ഗ്രൂപ്പാവട്ടെ ഇപ്പോള്‍ ബാര്‍ കേസില്‍ ബാബുവാണ് കുടുങ്ങിയതെങ്കിലും പിന്നീട് എ വിഭാഗത്തിനൊപ്പം ഐ ഗ്രൂപ്പിലെ അടൂര്‍ പ്രകാശ്,എപി അനില്‍ കുമാര്‍, വിഎസ് ശിവകുമാര്‍ അടക്കമുള്ളവര്‍ക്കും പിടി വീഴുമെന്ന ഭീതിയിലാണ്. രമേശ് ചെന്നിത്തലക്കും പണം കൊടുത്തിട്ടുണ്ടെന്ന് ബിജു രമേശ് തന്നെ മുന്‍പ് പറഞ്ഞത് ചെന്നിത്തലയെയും പ്രതിരോധത്തിലാക്കുന്നതാണ്.

അഴിമതിയുടെ അടിവേര് തേടിയുള്ള വിജിലന്‍സിന്റെ യാത്രയില്‍ ഗ്രൂപ്പ് വ്യത്യാസമന്യേ പലരും കുരുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയ പ്രേരിതവും,വ്യക്തി വൈരാഗ്യവുമാണ് നടപടിക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നതാണ് എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം.

സുധീരനാവട്ടെ അന്വേഷണം നടക്കട്ടെ ഇടപെടേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്.ഇത് വലിയ ഒരു പൊട്ടിത്തെറിയിലേക്കാണ് കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ ചെന്നെത്തിക്കുന്നത്.

Top