ബാര്‍ കോഴക്കേസ് ;അച്യുതാനന്ദന്റേയും കെ.എം. മാണിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വിഎസിന്റെ ഹര്‍ജി.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നാണ് വിഎസിന്റെ വാദം.

എന്നാല്‍ തുടരന്വേഷണത്തിനുള്ള സ്‌പെഷ്യല്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം.

മൂന്ന് പ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസാണെന്നും വീണ്ടും അന്വേഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മാണി ആവശ്യപ്പെടുന്നു. മാണിയുടെ ഹര്‍ജിയില്‍ വിഎസിനെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹര്‍ജികളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണ് സാധ്യത.

Top