കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണണെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.
സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഇന്നു രാവിലെ പരിഗണിക്കുന്നതിനിടെയാണ് ഈ വിഷയം അഡ്വക്കേറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചിന്റെ മുന്നില്‍ ഉന്നയിച്ചത്. എന്നാല്‍ ചീഫ ജസ്റ്റിസിനൊപ്പം ജസ്റ്റിസ് എ.എം. ഷെഫീഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിലവിലുള്ള ഹര്‍ജിയുടെ ഭാഗമായി ഈ വിഷയം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
ബാര്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും സമാനമായ വിഷയം ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരു കടന്നതാണെന്നും അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു.
വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും എ.ജി ചൂണ്ടിക്കാട്ടി. എന്നാല്‍ വിജിലന്‍സ് കോടതിയുടെ നടപടി ഹൈക്കോടതിയിലെ കേസിനെ സ്വാധീനിക്കുമെന്നന്ന ആശങ്ക വേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതിനിടെ ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസില്‍ പ്രാഥമിക വാദം കേട്ട ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.


