Bar bribery case: No proof to prosecute K M Mani

മഞ്ചേരി: ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെ ബാറുടമകളുടെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ വേഗം വാദം കേള്‍ക്കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടില്ല. തണുപ്പന്‍ നിലപാടാണ് അവര്‍ സ്വീകരിച്ചത്. അതിനാലാണ്, കേസ് വേഗത്തില്‍ പരിഗണിക്കമെന്ന ആവശ്യം ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. കെടി.ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊന്ന കേസില്‍ നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി ഇപ്പോള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സുധീരന്‍ ചോദിച്ചു.

Top