Bar bribe; Kerala congress report

കൊച്ചി: ബാര്‍കോഴയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. 71 പേജുളള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത്.

മാണിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. മാണിയെ നീക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയാണ് ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയത്. 2016 മാര്‍ച്ച് 31ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിന്റെ ആമുഖത്തില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കെ.എം മാണിയെയും കേരള കോണ്‍ഗ്രസ് എമ്മിനെയും ഇല്ലായ്മ ചെയ്യുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, കേസ് അന്വേഷിച്ച എസ്പി സുകേശന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ പല ഘട്ടങ്ങളിലായി ഗൂഢാലോചനയില്‍ പങ്കെടുത്തു. പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കന്‍, പി.സി. ജോര്‍ജ് എന്നിവര്‍ ഒരുമിച്ചിരുന്നാണ് കേസില്‍ മാണിയെ ഫ്രെയിം ചെയ്യാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്ക് ഇക്കാര്യത്തില്‍ ശകുനിയുടെ റോള്‍ ആയിരുന്നു. മാണിയെ വെടക്കാക്കി തനിക്കാക്കുകയായിരുന്നു രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. ഇതുവഴി മുഖ്യമന്ത്രി പദമായിരുന്നു രമേശിന്റെ മോഹം. മന്ത്രിസഭയെ മാണി മറിച്ചിടില്ലെന്നും ചെന്നിത്തലയുടെ നീക്കങ്ങളെ പ്രതിരോധിക്കണമെന്നും ഉമ്മന്‍ചാണ്ടി ക്യാമ്പിന് ഇതോടെ ബോധ്യം വന്നു. കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബിന്റെ അടുപ്പക്കാരനായ വാഴയ്ക്കന്റെ ആഗ്രഹം ക്രൈസ്തവ മേഖലയിലെ നേതാവാകുകയായിരുന്നു. മുമ്പ് മൂന്നു തവണ മത്സരിച്ച് പരാജയപ്പെട്ട എം.എം ജേക്കബിന് ആ വിരോധമാണ് മാണിയോടുള്ളത്.

ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം യുഡിഎഫ് മുന്നണിയില്‍ തുടരുന്നത് കേരള കോണ്‍ഗ്രസ് എമ്മിനു ഗുണം ചെയ്യില്ലെന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രം മുന്നണി വിട്ടാല്‍ മതി. അല്ലെങ്കില്‍ തോല്‍വിയുടെ പാപഭാരം തങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകാതെ തന്നെ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.

ബിജു രമേശ് ആരോപണം ഉന്നയിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിയാമായിരുന്നു. ജേക്കബ് തോമസ് സര്‍വീസിലിരിക്കെ നടത്തിയ ചില ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുത്തതാണ് അദ്ദേഹത്തിന് മാണിയോട് വിരോധം ഉണ്ടാകാന്‍ കാരണം. ഇതിനു നിദാനമാകുന്ന ജേക്കബ്ബ് തോമസിന്റെ ക്രമക്കേടുകളുടെ രേഖകളും റിപ്പോര്‍ട്ടിലുണ്ട്. രമേശ് ചെന്നിത്തല പല ഘട്ടത്തിലും ജേക്കബ് തോമസിനെ സഹായിക്കാന്‍ രംഗത്തുവന്നു. സുകേശന് എസ്.പി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ സുകേശനും ചെന്നിത്തലയും തമ്മില്‍ ഒരു ഘട്ടത്തില്‍ തെറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top