Bar bribe case; Vigilance report leaked

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഈ മാസം അഞ്ചിന് തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്നില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച എസ് പി സുകേശന്‍ അതിനു ശേഷം ഏഴാം തിയതി ബിജു രമേശിന്റെ ഓഫീസില്‍ പോയി പരിശോധന നടത്തിയതില്‍ ദുരൂഹത. അഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയ വ്യക്തി എന്തിനാണ് ഏഴാം തിയതി വീണ്ടും ബിജു രമേശിന്റെ ഓഫീസില്‍ പോയതെന്നാണ് ഉയര്‍ന്നു വരുന്ന ചോദ്യം.

സുകേശന്‍ ഏഴിന് ബിജുവിന്റെ ഓഫീസില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ബിജു രമേശ് പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെഎം മാണിക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. മുന്ന് തവണയായി മാണി കോഴ വാങ്ങിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് എസ് പി സുകേശന്റെ റിപ്പോര്‍ട്ട്.

ബാര്‍ വിഷയം നിയമ വകുപ്പിന് വിട്ടതില്‍ അപാകതയില്ല. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനായിരുന്നു ബിജു രമേശിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിജു രമേശിന്റെ ആരോപണം മദ്യനയത്തെ തുടര്‍ന്നുള്ള നഷ്ടം മൂലമാണ്. ബാറുടമകള്‍ക്ക് വേണ്ടി മാണി ഒന്നും ചെയ്തിട്ടില്ല. കൂടിക്കാഴ്ചകളില്‍ പണം കൈമാറിയിട്ടുമില്ല. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ കളവെന്ന് പിന്നീട് ബോധ്യപ്പെട്ടതായും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ എസ്പി ചൂണ്ടിക്കാട്ടി.

നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ എസ് പി സുകേശന്റെ നടപടി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ഇതിനിടെ, മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്പി ആര്‍ സുകേശന്റെ ഭാര്യ എസ് സുമത്തിന്‌ ഒന്നാം ഗ്രേഡ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയില്‍നിന്നു വനിതാ ക്ഷേമം എക്സ്റ്റന്‍ഷന്‍ ഓഫീസറായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. തൊട്ടുപിന്നാലെ അരുവിക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സുമത്തെ സ്‌പെഷല്‍ ഓര്‍ഡറിലൂടെ സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റുകയും ചെയ്തു.

2015 മാര്‍ച്ച് ആറിനുള്ള ഉത്തരവു പ്രകാരമാണ് കഴക്കൂട്ടം ബിഡിഒക്കു കീഴില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന സുമത്തെ ഓച്ചിറയില്‍ വനിതാ ക്ഷേമം എക്സ്റ്റന്‍ഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയത്. തുടര്‍ന്ന് 2015 ജൂണ്‍ ഒന്നിനാണ് അരുവിക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്ന പോത്തന്‍കോട്ടേക്കു സുമത്തെ സ്ഥലം മാറ്റിയത്. സുമത്തിന്റെ വീടിനടത്തുള്ള സ്ഥലമാണ് പോത്തന്‍കോട്. പോത്തന്‍കോട് വനിതാക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന എം കെ നാദിറയെ വെള്ളനാട്ട് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാക്കി മാറ്റിയാണ് അസാധാരണ ഉത്തരവിലൂടെ സുമത്തെ പോത്തന്‍കോട്ടേക്കു മാറ്റിയത്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രത്യേകാനുമതി നേടിയാണ് സുമത്തെ മാറ്റിയത്. ഈ സാഹചര്യത്തിലാണ് സുമത്തെ ചട്ടം ലംഘിച്ച് അനര്‍ഹമായ സ്ഥലം മാറ്റം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ സി ജോസഫ് പ്രത്യേക താല്‍പര്യമെടുത്താണ് സുമത്തെ സ്ഥലം മാറ്റിയത്.

Top