Bar bribe case; Vigilance court criticized K babu

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മന്ത്രി പദവി രാജി വെച്ച കെ എം മാണിയുടെ ‘ഗതികേടില്‍’ മന്ത്രി ബാബുവും.

കേസില്‍ പ്രതിയാക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് കെ ബാബുവിന്റെ രാജി. കെ എം മാണിയുടെ കേരള കോണ്‍ഗ്രസും, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും നിലപാട് കര്‍ക്കശമാക്കിയതോടെയാണ് ബാബു രാജിക്ക് നിര്‍ബന്ധിതനായത്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ബാബുവിനെ സംരക്ഷിക്കാന്‍ പറ്റാത്ത ദയനീയ അവസ്ഥയിലായിരുന്നു ഉമ്മന്‍ചാണ്ടി.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ബാബു രാജിവയ്ക്കണമെന്ന് മന്ത്രിയോടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ രാജിവയ്ക്കണമെന്ന മുന്‍നിലപാട് പാലിക്കാന്‍ ബാബു തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും കോടതിവിധി വന്ന ഉടനെ ആവശ്യപ്പെട്ടിരുന്നു.

ബാബുവിനെ പുറത്തിറങ്ങാന്‍ പറ്റാത്ത രൂപത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിനും നിര്‍ദ്ദേശം നല്‍കിയത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിനെ അറിയിച്ചിരുന്നു.

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ മാണിയെ കുരുക്കിയ ജസ്റ്റിസ് കെമാല്‍ പാഷയുടെ അടുത്താണ് ഹര്‍ജി എത്തുക എന്നത് ‘വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന’ സാഹചര്യം ഉണ്ടാകുമെന്ന് നിയമവിദഗ്ധര്‍ കൂടി മുന്നറിയിപ്പ് നല്‍കിയതോടെയാണ് രാജിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാന്‍ കാരണം.

അതേസമയം, ബാര്‍കോഴക്കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന കോടതി ഉത്തരവും ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

വിജിലന്‍സ് അന്വേഷണത്തിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ദിവസം ഒരുമാസം കൂടി അവധി ചോദിച്ച വിജിലന്‍സ് വക്കീലിന് കോടതിയുടെ ഭാഗത്ത് നിന്ന് ലഭിച്ച ഉഗ്രശാസന വിജിലന്‍സിന് മാത്രമല്ല വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കും പ്രഹരമാണ്.

ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്ന് പറഞ്ഞ കോടതിയുടെ നടപടി വിജിലന്‍സിന്റെ മാത്രമല്ല വിജിലന്‍സ് മന്ത്രിയുടേയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെക്കുറിച്ച് താന്‍ പഠിപ്പിച്ച് തരാമെന്ന വിജിലന്‍സ് ജഡ്ജിയുടെ മുന്നറിയിപ്പ് വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡിക്കുള്ള വ്യക്തിപരമായ തിരിച്ചടി കൂടിയാണ്.

സീനിയറായ ഡിജിപി തസ്തികയിലുള്ള ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്ങ് എന്നിവരെ ഒഴിവാക്കി എഡിജിപി തസ്തികയിലുള്ള ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ബാര്‍കോഴക്കേസ് അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് കോടതിയുടെ പ്രതികരണം.

ലോകായുക്തയില്‍ തെളിവ് കൊടുത്തെന്ന് കരുതി വിജിലന്‍സ് കോടതി അടച്ചുപൂട്ടണമെന്നാണോ പറയുന്നതെന്ന ജഡ്ജിയുടെ ചോദ്യം സര്‍ക്കാരിന്റെ ‘രാഷ്ട്രീയ കളി’ വ്യക്തമാക്കുന്നതാണ്.

ലോകായുക്തയല്ല വിജിലന്‍സ് കോടതി തന്നെയാണ് പ്രധാനമെന്ന് അടിവരയിടുന്നതാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

ഇതോടെ വിജിലന്‍സ് മന്ത്രിയെന്ന നിലയില്‍ മുഖം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയും വകുപ്പ് ഒഴിയണമെന്ന ആവശ്യം ഭരണപക്ഷത്തുമുണ്ട്.

എ ഗ്രൂപ്പുകാരനായ മന്ത്രി ബാബു രാജിവച്ച സാഹചര്യത്തില്‍ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയമായ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് എ ഗ്രൂപ്പിലെ പ്രബല വിഭാഗം.

മന്ത്രി ബാബു രാജിവച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും വിജിലന്‍സിനെ കൂട്ടിലടച്ച തത്തയേക്കാള്‍ ദയനീയ അവസ്ഥയിലാക്കിയ ചെന്നിത്തല ഉടന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളില്‍ വിജിലന്‍സ് മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Top