ബാര്‍ക്കോഴ കേസ് : എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, വിഷമമില്ലെന്ന് കെഎം മാണി

പാലാ: ബാര്‍ക്കോഴക്കേസില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം.മാണി. എല്‍ഡിഎഫ്‌യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്നു തവണ കേസ് അന്വേഷിച്ചതാണ്. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെയെന്നും കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം വിധയെക്കുറിച്ച് പഠിച്ചശേഷം പ്രതികരണം അറിയിക്കാമെന്നായിരുന്നു ജോസ് കെ.മാണി എംപിയുടെ പ്രതികരണം. വിധിയുടെ വിശദാംശങ്ങള്‍ മനസിലാക്കിയിട്ടില്ല. വിധിപകര്‍പ്പ് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ അറിയിക്കാമെന്നായിരുന്നു എംപി പറഞ്ഞത്.

കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറാകില്ല. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും മുരളീധരന്‍ പറഞ്ഞു.

Top