Bar bribe case; K babu face arrest?suspicion In UDF

തിരുവനന്തപുരം: ബാര്‍ കേസില്‍ വിജിലന്‍സിന്റെ നിരന്തര ചോദ്യം ചെയ്യലിന് വിധേയനാകുന്ന മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമോയെന്ന് യുഡിഎഫ് നേതൃത്വത്തിന് ആശങ്ക

അഴിമതി കേസില്‍ നേരത്തെ മലബാര്‍ സിമന്റസ് എംഡിയും മുതിര്‍ന്ന ഐഎഎസ് ഓഫീസറുമായ പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാട്ടിയ ജേക്കബ് തോമസിന്റെ വിജിലന്‍സ് നിലവിലെ സാഹചര്യത്തില്‍ ബാബുവിനെ കുരുക്കുമോയെന്നതാണ് യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് എപ്പോള്‍ വേണമെങ്കിലും കേസില്‍ പ്രതിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്.

ഇപ്പോള്‍ ബാബുവിനെ വിളിപ്പിച്ച് ചോദ്യം ചെയ്യുകയാണ് ചെയ്യുന്നതെങ്കിലും കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കര്‍ ശൂന്യമായതും പല തെളിവുകളും ലഭിക്കാതിരുന്നതും ബാബുവിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് വിജിലന്‍സിന്റെ നിഗമനം.അതുകൊണ്ട് തന്നെയാണ് അറസ്റ്റ് അടക്കമുള്ള കാര്യങ്ങളും പരിഗണനക്ക് വരുന്നതെന്നാണ് അറിയുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ ‘മറ്റ്’ കാര്യങ്ങളിലേക്ക് കടക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് തലപ്പത്ത് നിന്ന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമത്രെ.

സാധാരണ വിജിലന്‍സ് കേസുകളില്‍ അറസ്റ്റ് അപൂര്‍വ്വമായി മാത്രമാണ് നടക്കാറുള്ളത്.

ഇടമലയാര്‍ കേസില്‍ കോടതി ജയില്‍ ശിക്ഷ വിധിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ പോലും കേസന്വേഷണ ഘട്ടത്തില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നില്ല.

ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് പുകച്ച് ചാടിക്കുന്നതിനായി പുറത്തിട്ട ധനകാര്യ റിപ്പോര്‍ട്ട് വിവാദമായിരിക്കെ ഇനി ഒരു വിട്ട് വീഴ്ചയും ജേക്കബ് തോമസിന്റെ അടുത്ത് നിന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിക്കുന്നില്ല.

ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്താല്‍ നിലവിലെ സാഹചര്യത്തില്‍ ജാമ്യം എളുപ്പത്തില്‍ കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്.

പ്രതിപക്ഷത്തെ ഉയര്‍ന്ന നേതാവിനെതിരെ എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് ഭരണനേതൃത്വത്തോട് ആശയവിനിമയം നടത്തുന്നതാണ് സാധാരണ ഉദ്യോഗസ്ഥര്‍ പിന്‍തുടരുന്ന ഒരു രീതി.

എന്നാല്‍ ജേക്കബ് തോമസ് ഇത്തരം ‘ചീട്ട്’ വാങ്ങിയിട്ടല്ല നടപടിക്ക് തുനിയുന്നത് എന്നത് അദ്ദേഹത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാണ്.

ബാബുവിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിജിലന്‍സ് സ്വീകരിച്ചാല്‍ അത് നിലവില്‍ അന്വേഷണം നേരിടുന്ന പ്രതിപക്ഷത്തെ മുന്‍മന്ത്രിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും വലിയ ഭീഷണിയാകും.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നിടത്തോളം ഉറക്കമില്ലാത്ത രാത്രികളാണ് അന്വേഷണം നേരിടുന്ന ഉന്നതര്‍ക്കുണ്ടാവുക എന്നതിനാല്‍ ജേക്കബ് തോമസിനെ തുരത്താന്‍ ധനകാര്യ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി വിജിലന്‍സ് കോടതിയെ സമീപിക്കാനും അണിയറയില്‍ ദ്രൂതഗതിയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തപ്പോള്‍ തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ളവര്‍ പിന്നീട് കോണ്‍ഗ്രസ്സിലെ എ-ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബാബുവിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടക്കുകയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. യുഡിഎഫ് യോഗവും ബാബുവിന് പിന്‍തുണ പ്രഖ്യാപിച്ചിരുന്നു.

ബാബുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കണമെന്ന ആവശ്യമാണ് യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ക്കുള്ളത്.

രാഷ്ട്രീയപരമായും നിയമപരമായും ഇത്തരം നീക്കങ്ങളെ നേരിട്ടില്ലെങ്കില്‍ മറ്റ് നേതാക്കള്‍ക്കും ഇതേ ‘ദുരനുഭവം’ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Top