Bar bribe case; IB Report against Vigilance

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണിക്കെതിരായ കേസിനും വിവാദത്തിനും പിന്നില്‍ വിജിലന്‍സ് എസ്പിയുടെ ‘പ്രത്യേക’ താല്‍പര്യമുണ്ടായിരുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യറോ.

വിജിലന്‍സ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക വഴി സത്യസന്ധമായ കേസന്വേഷണമല്ല, മറിച്ച് മറ്റ് പല ‘താല്‍പര്യങ്ങളും’ വിജിലന്‍സിനുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ രീതിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മാണിയെ ആദ്യം കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ പിന്നീട് നിലപാട് തിരുത്തി കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതും ഇതിന് ശേഷം ഒടുവില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത് കൊണ്ടാണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് പറഞ്ഞ് മലക്കം മറിഞ്ഞതിന്റെയുമെല്ലാം വ്യക്തമായ ‘കാരണങ്ങള്‍’ ഐബിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും ബാര്‍കേസില്‍ ചില ഗൂഢാലോചനകള്‍ നടന്നുവെന്ന വാദത്തിന് ശക്തി പകരുന്ന കണ്ടെത്തല്‍ ഐബിയുടെ പക്കലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന് ബാറുടമ ബിജു രമേശുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നതായും, ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ എസ്പിയെ കുറ്റക്കാരനായി കണ്ടെത്തിയ വിവരവുമെല്ലാം ഐബിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍മേല്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിട്ടിരുന്നത്. സുകേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്ക് വിജിലന്‍സ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശുമായി സുകേശന്‍ ഗൂഢാലോചന നടത്തിയെന്നു വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇപ്പോള്‍ സുകേശന്‍ കോടതിയില്‍ ശങ്കര്‍റെഡ്ഡിക്കെതിരായ നിലപാട് സ്വീകരിച്ചത് ഈ വൈരാഗ്യം മൂലമാണെന്നാണ് നിഗമനം.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മാണിയുമായി സഖ്യമുണ്ടാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ ഐബിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്കും കേരള കോണ്‍ഗ്രസ്സിനും പിടിവള്ളിയാകും.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഐബി അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നത് സാധാരണ നടപടി ക്രമങ്ങളാണെങ്കിലും കേരളാ കോണ്‍ഗ്രസ്സുമായി ഒരു സഖ്യം ബിജെപി ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചക്ക് ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചേക്കും.

സമദൂര സിദ്ധാന്തമായി ഇപ്പോള്‍ ഒറ്റക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കേരള കോണ്‍ഗ്രസ്സിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നില്‍ക്കേണ്ടത് നിലനില്‍പ്പിന് തന്നെ അനിവാര്യവുമാണ്.

ഈ ഒരു സാധ്യത മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍. മാണി കൂടെയുണ്ടെങ്കില്‍ നേട്ടമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top