ബാര്‍ കോഴക്കേസ്: തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബാര്‍ മുതലാളി ബിജു രമേശ് ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നല്‍കി. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് തുടരന്വേഷണത്തിന് അനുമതി തേടിയത്.

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിന് മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ബിജു രമേശ് തുടരന്വേഷണത്തിന് അനുമതിക്കായി അപേക്ഷിച്ചത്.

അഴിമതിനിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കൂ. അതിനാലാണ് വീണ്ടും അനുമതി തേടിയത്. കേസ് ഡിസംബര്‍ 10ന് വീണ്ടും പരിഗണിക്കും.

Top