തൊടുപുഴയിലെ സ്വകാര്യ ബാറിൽ നാലംഗ സംഘത്തിന്റെ ആക്രമണം

ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നാലംഗ സംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം തട്ടിക്കയറുകയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്.

രണ്ടു പേര്‍ പിടിച്ചു വച്ച ശേഷം മറ്റുള്ളവര്‍ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 22000 രൂപയും സംഘം അടിച്ചുമാറ്റി.

അക്രമികള്‍ക്കെതിരെ തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.

ബാര്‍ ജീവനക്കാര്‍ക്ക് ആരെയും മുന്‍പരിചയമില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദമായി അന്വേഷിച്ചാലേ അക്രമികളെ കണ്ടെത്താനാവൂ എന്നുമാണ് പൊലീസിന്റെ വിശദീകരണം.

Top