മജിസ്ട്രേറ്റിനെതിരായ കയ്യേറ്റം: വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം : വഞ്ചിയൂരില്‍ മജിസ്ട്രേറ്റ് ദീപ മോഹനെതിരായ പ്രതിഷേധത്തില്‍ മാപ്പുപറ‍ഞ്ഞ് ബാര്‍ അസോസിയേഷന്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നായിരുന്നു ബാര്‍ അസോസിയേഷന്‍റെ വിശദീകരണം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ മാപ്പുപറഞ്ഞത്.

ജില്ലാ ജഡ്ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാപ്പ് പറഞ്ഞ ബാര്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പും പുറത്തിറക്കി.

സംഭവത്തിൽ 12 അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കെതിരെയാണു കേസ്. മജിസ്ട്രേട്ടിനെ തടഞ്ഞു, ജോലി തടസ്സപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങൾ.

അഭിഭാഷകർ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹനൻ അന്നുതന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു (സിജെഎം) റിപ്പോർട്ട് നൽകിയിരുന്നു. സിജെഎമ്മിന്റെ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

മജിസ്‌ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്‌ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Top