ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്; സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം നിയന്ത്രിച്ചിട്ടില്ലെന്ന്‌ വാവേ

ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഉല്‍പാദനം നിയന്ത്രിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വാവേ. തങ്ങളുടെ ആഗോള ഉല്‍പാദന നിരക്ക് സാധാരണ നിലയിലാണെന്നും നിരക്കില്‍ കുറവോ വര്‍ധനവോ ഉണ്ടായിട്ടില്ലെന്നും വാവേ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ ഐഫോണുകളും പ്ലേ സ്റ്റേഷന്‍ 4 കണ്‍സോളും നിര്‍മിക്കുന്ന ഫോക്സ്‌കോണ്‍ എന്ന തായ് വാനീസ് ഇലക്ട്രോണിക്സ് ഉല്‍പാദന കമ്പനി വാവേയുടെ ഫോണുകള്‍ നിര്‍മിക്കുന്നത് കുറച്ചുദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫോണുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളും കമ്പനി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ചാരവൃത്തി ആരോപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി കമ്പനികളാണ് രംഗത്തെത്തിയത്. ഇന്റല്‍ കോര്‍പ്പ്, ക്വാല്‍കോം, ക്സിലിങ്ക്സ് ഐഎന്‍സി, ബ്രോഡ്കോം ഐഎന്‍സി തുടങ്ങിയ ചിപ്പ് നിര്‍മാതാക്കള്‍ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കില്ല എന്ന്‌ നേരത്തെ അറിയിച്ചിരുന്നു. ഗൂഗിളും വാവെയും ആയിട്ടുള്ള ബന്ധം ഉപേക്ഷിച്ചു.

അതേസമയം ആന്‍ഡ്രോയിഡ് വിലക്ക് നേരിടാന്‍ വാവേ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി ഹൈസിലിക്കണ്‍ എന്ന ചിപ്പ് നിര്‍മാണ യൂണിറ്റുള്ളതും വാവേയ്ക്ക് ഒരു പരിധിവരെ ആശ്വാസമാവും. 2020ല്‍ ഓഎസ് പുറത്തിറങ്ങിയേക്കും.

Top