ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്; വാവേയെ ഒറ്റപ്പെടുത്തി അമേരിക്കന്‍ ടെക്ക് കമ്പനികള്‍

ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ വാവെയ്ക്ക് ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് വാവേയെ ഒറ്റപ്പെടുത്തി അമേരിക്കന്‍ ടെക്ക് കമ്പനികള്‍. വാവേയ്ക്ക് സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിവന്നിരുന്നത് കമ്പനികള്‍ നിര്‍ത്തലാക്കി.

ചൈനീസ് ചാരവൃത്തി ആരോപിച്ചാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വേവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്.

ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ഇന്റല്‍ കോര്‍പ്പ്, ക്വാല്‍കോം, ക്സിലിങ്ക്സ് ഐഎന്‍സി, ബ്രോഡ്കോം ഐഎന്‍സി തുടങ്ങിയ ചിപ്പ് നിര്‍മാതാക്കള്‍ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കില്ല. വാവേയോടുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഉള്‍പ്പടെയുള്ള സോഫ്റ്റ് വെയറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാവേയ്ക്കുമേലുള്ള നിയന്ത്രണം ആഗോള തലത്തില്‍ സെമികണ്ടക്ടര്‍ വ്യവസായത്തേയും ബാധിക്കുമെന്നാണ് വിവരം.

അതേസമയം ആന്‍ഡ്രോയിഡ് വിലക്ക് നേരിടാന്‍ വാവേ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി ഹൈസിലിക്കണ്‍ എന്ന ചിപ്പ് നിര്‍മാണ യൂണിറ്റുള്ളതും വാവേയ്ക്ക് ഒരു പരിധിവരെ ആശ്വാസമാവും. എന്നാലും ആഗോള വിപണിയില്‍ വാവേ തിരിച്ചടി നേരിടാനാണ് സാധ്യത.

Top