അന്ന് മദനി, ഇപ്പോൾ പോപ്പുലർ ഫ്രണ്ട് . . . നിരോധനത്തിൽ ‘ആറാടി’ മുസ്ലീംലീഗ് . . .

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവില്‍ ഉയര്‍ന്നു വരുന്നത്. നിരോധനം മുന്‍പേ വേണമായിരുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്. അതിന് അവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് കേരളത്തില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് പിന്തുടര്‍ന്ന കൊലപാതക രാഷ്ട്രീയവും വിദ്വേഷ പ്രസംഗങ്ങളുമാണ്. രാജ്യ വിരുദ്ധ ശക്തികളായാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംഘപരിവാര്‍ ചിത്രീകരിക്കുന്നത്. മുസ്ലീം സമുദായത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശക്തമായി ആദ്യം പിന്തുണച്ചത് മുസ്ലീംലീഗ് നേതാവ് എം.കെ മുനീറാണ്. ബി.ജെ.പി നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയ പ്രതികരണമാണ് മുനീര്‍ നടത്തിയിരിക്കുന്നത്.

‘തീവ്രവാദ ആശയങ്ങള്‍ യുവാക്കള്‍ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാസിസത്തെ നേരിടണമെന്നുമാണ് മുനീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖുര്‍ആനെയും ഹദീസിനെയും ദുര്‍വാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ് എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിച്ച സംഘടനയാണ് പോപുലര്‍ ഫ്രണ്ട് എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുനീര്‍ തുറന്നടിച്ചിരിക്കുന്നത്. ലീഗ് നേതാവിന്റെ ഈ അഭിപ്രായ പ്രകടനം വലിയ രൂപത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ ഉപയോഗപ്പെടുത്തുന്നത്. കേരളത്തിന് പുറത്തും മുസ്ലിംലീഗ് നേതാവിന്റെ നിലപാട് ചര്‍ച്ചയാക്കാന്‍ പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

മുനീറിന്റെ തട്ടകമായ കോഴിക്കോട് അടുത്തയിടെ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളനമാണ് ഇത്തരം ഒരഭിപ്രായ പ്രകടനം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏകദേശം 5 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ഈ സമ്മേളനം മുസ്ലീംലീഗിനെയാണ് ഞെട്ടിച്ചിരുന്നത്. തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി ലീഗ് നേതാക്കള്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. സമാന രീതിയില്‍ ലീഗ് ഭയന്ന ഒരു മൂവ്‌മെന്റ് മുന്‍പ് നടന്നത് പി.ഡി.പിയുടെ ആരംഭ കാലഘട്ടത്തിലാണ്. എന്നാല്‍ പിന്നീട് മദനി അറസ്റ്റിലായതോടെ ആ ഭീഷണി ഒഴിയുകയാണ് ഉണ്ടായത്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ ആ സംഘടനയുടെ ഭാഗമായ ജനവിഭാഗത്തില്‍ പുനര്‍വിചിന്തനം ഉണ്ടാകുമെന്നതാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ലീഗിന്റെ ഈ കണക്ക് കൂട്ടലുകള്‍ തെറ്റുമെന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയെ നിരോധിക്കാത്തതാണ് ഇതിനു പ്രധാന കാരണമായി ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടില്‍ അണിചേര്‍ന്നവര്‍ക്കും പിന്തുണച്ചവര്‍ക്കും എസ്.ഡി.പി.ഐ ആശ്വാസ കേന്ദ്രമായി മാറുമെന്നതാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാലും ലീഗിന് അത് വലിയ വെല്ലുവിളി തന്നെയാകും.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കൊണ്ടോട്ടിയിലെ ഒരു ഹോട്ടലില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ്. എസ്ഡിപിഐ നേതാവ് മജീദ് ഫൈസി പോപ്പുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരം എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ഇങ്ങനെ കൂടിക്കാഴ്ച നടത്തിയ പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. മുനീറിന്റെ ഈ പ്രതികരണത്തിനു പിന്നില്‍ രാഷ്ട്രിയപരമായ താല്‍പ്പര്യം എന്നതിനുപരി വ്യക്തിപരമായ അജണ്ടയുമുണ്ട്. അത് കുഞ്ഞാലിക്കുട്ടിക്ക് എതിരായ നിലപാട് കൂടിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗം പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടുമോ എന്ന ആശങ്ക മുനീറിനുണ്ട്. മുനീറിനെ പിന്തുണയ്ക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ അവസ്ഥയും പൊന്നാനിയില്‍ ഭദ്രമല്ല.

നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വച്ചു നോക്കിയാല്‍ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ഇടതുപക്ഷവുമായുള്ള അകലം കേവലം 10,000 വോട്ടുകള്‍ മാത്രമാണ്. എസ്.ഡി.പി.ഐ നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ ലീഗിന്റെ പതനമാണ് വേഗത്തിലാക്കുക. ഇടതുപക്ഷത്തെ സംബന്ധിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ പൊന്നാനി പിടിച്ചെടുക്കുക എന്നത് അവര്‍ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യമാണ്. പൊന്നാനി കൈവിട്ടാല്‍ മലപ്പുറം സീറ്റില്‍ മാത്രമായി ലീഗ് ഒതുങ്ങും. അവിടെയും ജയിച്ചാല്‍ തന്നെ വലിയ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയും കുറവാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ദ്ധനവാണ് ഇടതുപക്ഷം മലപ്പുറം ലോകസഭ മണ്ഡലത്തില്‍ നേടിയിരുന്നത്.

മലബാറിലെ ലീഗ് കോട്ടകളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും വലിയ വിള്ളലാണ് വീഴ്ത്തിയിരിക്കുന്നത്. ലീഗ് കുടുംബങ്ങളില്‍ നിന്നു പോലും ഈ സംഘടനകളിലേക്ക് പുതിയ തലമുറ ചേക്കേറുന്നതാണ് പുതിയ കാലത്ത് ലീഗ് നേരിടുന്ന ഒരു പ്രതിസന്ധി. മറ്റൊന്ന് ഇടതുപക്ഷത്തോടുള്ള സമുദായ സംഘടനകളുടെ നിലപാട് മാറ്റമാണ്. മുസ്ലിംലീഗ് വോട്ട് ബാങ്കായ സമസ്ത ഉള്‍പ്പെടെ പിന്തുണ നല്‍കുന്ന രൂപത്തിലേക്ക് ഇടതുപക്ഷ സര്‍ക്കാര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനവും വരുന്ന തിരഞ്ഞെടുപ്പുകളിലാണ് ഉണ്ടാകുക.

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വധിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരായിട്ടും രാഷ്ട്രീയ പക മാത്രം മുന്‍നിര്‍ത്തിയുള്ള നിലപാടല്ല നിരോധന കാര്യത്തില്‍ സി.പി.എം സ്വീകരിച്ചിരിക്കുന്നത്. വ്യക്തവും കൃത്യവുമായ നിലപാടാണത്. ഇടതുപക്ഷത്തെ സംബന്ധിച്ച് ന്യൂനപക്ഷ വര്‍ഗ്ഗീയത പോലെ തന്നെ അപകടകരമാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയും. അത് ചുവപ്പിന്റെ പ്രഖ്യാപിത നിലപാടുമാണ്. വര്‍ഗീയതക്ക് എതിരായാണ് നടപടിയെങ്കില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചതു കൊണ്ടു കാര്യമില്ലന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. വര്‍ഗീയ സംഘടനകളെ നിരോധിക്കുന്നെങ്കില്‍ ആദ്യം ആര്‍.എസ്.എസിനെയാണ് രാജ്യത്ത് നിരോധിക്കേണ്ടതെന്നാണ് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിച്ചിരിക്കുന്നത്.

നിരോധിച്ചാല്‍ അവര്‍ മറ്റു പേരുകളില്‍ വരുമെന്ന സിപിഎം നിലപാട് തന്നെയാണ് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍ കാരശ്ശേരിയും പങ്കുവച്ചിരിക്കുന്നത്.
”പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ ആശയങ്ങളുമായും പ്രവര്‍ത്തികളുമായും ” ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കാരശ്ശേരി, പക്ഷെ അതിന്റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കുന്നത് ജനാധിപത്യപരമല്ലന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ ആശയങ്ങളെ നേരിടേണ്ടത് ആയുധം കൊണ്ടും അധികാരം കൊണ്ടുമല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിലെ തനിക്കറിയാവുന്ന നേതാക്കള്‍ നാളെ അവര്‍ വേറെ കൊടി, വേറെ മുദ്രാവാക്യം, വേറെ ഓഫീസ് എന്നിവ ഉണ്ടാക്കി രംഗത്ത് വരുമെന്ന മുന്നറിയിപ്പും കാരശേരി നല്‍കിയിട്ടുണ്ട്. ഈ സംഘടനയുടെ അക്രമങ്ങളെ നിയമം കൊണ്ടും ആശയം കൊണ്ടുമാണ് നേരിടേണ്ടതെന്ന ഉപദേശവും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള നിരോധനം ഫലവത്തായേക്കില്ലന്ന ഈ ആശങ്കകള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരസ്യമായി പിന്തുണച്ച് എം.കെ മുനീര്‍ തന്നെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.


EXPRESS KERALA VIEW

Top