മഹാരാജാസിൽ ബാനർ പോര് തുടരുന്നു

കൊച്ചി: മഹാരാജാസിൽ വീണ്ടും പുതിയ കെ.എസ്.യു ബാനർ. ‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് പുതിയ ബാനറിലെ വാചകം. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്റിൽ ഉന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ബാനര്‍ പോര് തുടങ്ങിയത്.

എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ചതാണ് ബാനര്‍ പോര്. എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‍യു മറ്റൊരു ബാനര്‍ ഉയര്‍ത്തി, എസ്എഫ്ഐ അതിന് മറുപടി കൊടുത്തു.

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആയിരുന്നു ആദ്യം മഹാരാജാസിൽ ഉയർന്നത്. തുടർന്ന് ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു’മെന്നാണ് കെ എസ് യു അതിന് മറുപടി നൽകിയത്. എന്നാല്‍, പിന്നാലെ എസ്എഫ്ഐ അതിന് മറുപടി നല്‍കി. ‘അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ’ എന്നാണ് ഇന്നലെ വന്ന ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ വീണ്ടും ഈ ബാനറിനും മറുപടി ബാനർ വന്നിരിക്കുകയാണ്. ‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് പുതിയ ബാനറിലെ വാചകം.

മഹാരാജാസിലെ ബാനർ പോരിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹർഷൻ പൂപ്പാറക്കാരൻ. ഇനിയൊരു ബാനർ എസ്എഫ്ഐ കെട്ടേണ്ടതില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹർഷൻ പ്രതികരിച്ചത്.

Top