നിരോധിച്ചിട്ടും ജനപ്രീതി കുറഞ്ഞില്ല;ഫേസ്ബുക്കിനെ മറികടന്ന് ടിക് ടോക്ക്

കുറഞ്ഞ കാലത്തിനിടെ ഓണ്‍ലൈന്‍ ലോകത്ത് ജനപ്രീതി നേടിയെടുത്ത ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി. 2019 ലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.

സാംസ്‌കാരിക മ്യൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു തുടങ്ങിയ പരാതികള്‍ ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടതോടെ ഇത് നിരോധിക്കുകയായിരുന്നു. പിന്നീട് കര്‍ശന ഉപാധികളോട് കൂടി വിലക്ക് പിന്‍വലിച്ചു.

വിവാദങ്ങളും വിലക്കുകളും ഉണ്ടായെങ്കിലും ടിക് ടോക്ക് ജനപ്രിയമാകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പ് ടിക് ടോക്കാണ്. 1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്.

1.76 കോടി പേരാണ് ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിന്റേത് പോലെ ടിക് ടോക്കിന് വെബ് പതിപ്പില്ലാത്തതാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Top