വേതന വര്‍ധനവ്; ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് നാളെ മുതല്‍

കൊല്‍ക്കത്ത: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ തുടങ്ങും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് രണ്ട് ദിവസത്തേക്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ ഒന്‍പതോളം സംഘടനകള്‍ ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരം പ്രഖ്യാപിച്ചത്. രാജ്യവ്യാപക സമരത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ജീവനക്കാരുടെ വേതനത്തില്‍ ഏറ്റവും കുറഞ്ഞത് 15 ശതമാനം വര്‍ധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ 12.25 ശതമാനം വേതനവര്‍ധനവില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘടനകള്‍ക്ക്.

ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തിരുന്നു. അതിനുശേഷം ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Top