രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാക്കിയേക്കും

Banks India

കൊച്ചി : രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാക്കുന്നതിനുള്ള നിര്‍ദ്ദേശം അഖിലേന്ത്യാതലത്തിലുള്ള ബാങ്കേഴ്സ് സമിതിയുടെ പരിഗണനയില്‍. തെരഞ്ഞെടുപ്പിനുശേഷമായിരിക്കും തീരുമാനം ഉണ്ടാവുക.

എസ്.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എ.ടി.എമ്മും ഇ-ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ കുറക്കുന്നതില്‍ പ്രശ്മില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാണ്. അന്താരാഷ്ട്രതലത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാണ്. ആഴ്ചയില്‍ അഞ്ചുദിവസം പ്രവര്‍ത്തിയാക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ഒട്ടേറെത്തവണ അഖിലേന്ത്യാ ബാങ്കിങ് സമിതിക്കും ബാങ്ക് മാനേജ്മെന്റുകള്‍ക്കും നിവേദനം നല്‍കിയിരുന്നു.

ജീവനക്കാര്‍ക്കുണ്ടാകുന്ന സമ്മര്‍ദം, ജോലിഭാരം എന്നിവ കണക്കിലെടുത്തായിരുന്നു ഇത്. നിലവില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. അതേസമയം ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം കുറച്ചാല്‍ ജനജീവിത്തെ ബാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Top