മല്യയ്ക്ക് തിരിച്ചടി; ബാങ്കുകള്‍ക്ക് രണ്ടുലക്ഷം പൗണ്ട് നല്‍കണമെന്ന് യു.കെ ഹൈക്കോടതി

ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് വന്‍ തുക കടമെടുത്ത് മുങ്ങിയ വിജയ് മല്യ ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) നല്‍കണമെന്ന് ഉത്തരവിട്ട് യു.കെ ഹൈക്കോടതി. മല്യ കടമെടുത്ത വന്‍ തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവ് മല്യ നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ഇന്ത്യന്‍ ബാങ്ക് അടക്കം 13 ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള വന്‍തുക വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മല്യയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. ആസ്ഥികള്‍ മരവിപ്പിച്ച ഉത്തരവുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ചെലവ് നല്‍കണമെന്നും യു.കെ കോടതിയുടെ ഉത്തരവില്‍ പറയുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 13 ബാങ്കുകളില്‍ നിന്ന് 9000 കോടിയോളം രൂപയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

Top