banks-use indelible ink-thomas isaac

തിരുവനന്തപുരം: അസാധുവായ നോട്ട് മാറാനെത്തുന്നവരുടെ കൈയില്‍ മഷി പുരട്ടാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വലിയ അബദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോകുന്നതെന്നും കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് രാജ്യത്തെ എടിഎമ്മുകളില്‍ കുറച്ച് രൂപ നിറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമാശ്വാസം നല്‍കണമെന്നല്ല എങ്ങനെ കൂടുതല്‍ കഷ്ടങ്ങളിലേക്ക് ജനത്തെ കൊണ്ടുപോകാമെന്നാണ് കേന്ദ്രത്തിന്റെ ചിന്ത. ബാങ്കുകളിലും എടിഎമ്മുകളിലും കള്ളപ്പണക്കാര്‍ നല്‍കിയ പണവുമായിട്ടാണ് സാധാരണക്കാര്‍ ക്യൂ നില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ധാരണ.

ഇക്കാര്യത്തില്‍ ആദ്യം മനസിലാക്കേണ്ടത് കള്ളപ്പണം ആരും പണമായിട്ട് സൂക്ഷിക്കില്ല എന്ന കാര്യമാണ്. ആദ്യത്തെ കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണവും മറ്റ് ആസ്തികളുമായി കള്ളപ്പണം മാറും. ഇന്ത്യയിലെ ഇന്നുവരെയുളള എല്ലാ ഇന്‍കം ടാക്‌സ് റെയ്ഡുകളിലും മനസിലായിട്ടുളള കാര്യമാണിത്.

മൊത്തം കള്ളപ്പണത്തിന്റെ അഞ്ചുശതമാനം മാത്രമാണ് ഇന്ത്യയില്‍ നോട്ടായി പിടിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് പണമായി സൂക്ഷിക്കുന്ന കള്ളപ്പണത്തിന്റെ വലുപ്പം എന്നു പറയുന്നത്. അഥവാ കള്ളപ്പണം വിതരണം ചെയ്താലും കുറഞ്ഞ തുക മാത്രമെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് ഇത്തരത്തില്‍ മാറിയെടുക്കാന്‍ കഴിയൂ എന്നും തോമസ് ഐസക് പറഞ്ഞു.

മഷി പുരട്ടാന്‍ തീരുമാനിച്ചാല്‍ ആഴ്ചതോറും പണം മാറുമ്പോള്‍ കഴിഞ്ഞയാഴ്ച പുരട്ടിയ മഷി തന്നെയാണോ ഇപ്പോള്‍ ഈ ആഴ്ചയിലെ മഷി എന്ന് എങ്ങനെയാണ് അറിയുകയെന്നും വെറുതെ ആളുകള്‍ക്കിടയില്‍ തര്‍ക്കവും പ്രശ്‌നങ്ങളും ഉണ്ടാക്കാനാന്‍ മാത്രമെ ഇത്തരം തീരുമാനങ്ങള്‍ക്ക് സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു

Top