മല്യയുടെ കോടികളുടെ സ്വത്ത് വിറ്റഴിച്ച് ബാങ്കുകള്‍

മുംബൈ: വന്‍ തുകയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ 792.12 കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിച്ച് ബാങ്കുകള്‍. എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി ഡെറ്റ് റിക്കവറി െ്രെടബ്യൂണലാണ് (ഡി.ആര്‍.ടി) സ്വത്തുക്കള്‍ വിറ്റഴിച്ച് തുക ബാങ്കുകള്‍ക്ക് കൈമാറിയത്. മല്യയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടി കണ്‍സോര്‍ഷ്യത്തിന് കൈമാറിയത്. വായ്പാത്തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് സ്വത്തുക്കള്‍ വിറ്റഴിച്ച് ബാങ്കുകള്‍ പണമാക്കുന്നത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 9,371 കോടി രൂപയാണ് ഇ.ഡി തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് കൈമാറിയത്. ബാങ്കുകളില്‍ നിന്ന് മൂവരും തട്ടിയതിന്റെ 40 ശതമാനമാണിത്. മൊത്തം 22,586 കോടി രൂപയാണ് മൂവരും ചേര്‍ന്ന് തട്ടിയത്. ഇതിന്റെ 80.45 ശതമാനം (18,170.02 കോടി രൂപ) ഇതുവരെ കണ്ടുകെട്ടി.

Top