റിലയന്‍സ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങി

മുംബൈ: റിലയന്‍സ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കമ്പനിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കേന്ദ്രബാങ്ക് കൈമാറി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര ലിമിറ്റഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വൈ നാഗേശ്വര്‍ റാവുവിനെ റിസര്‍വ് ബാങ്ക്, റിലയന്‍സ് കാപ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. 2019 ജൂണ്‍ മാസത്തില്‍ ഓഡിറ്റര്‍മാര്‍ റിലയന്‍സ് കാപ്പിറ്റലിന്റെ പാദവാര്‍ഷിക ഫലങ്ങളില്‍ അവ്യക്തതകളുണ്ടെന്ന് ആരോപിച്ചിരുന്നു. അവരുടെ അക്കൗണ്ടിങ് രീതികളില്‍ വ്യക്തതയില്ലെന്നായിരുന്നു പ്രധാന കുറ്റം.

പിന്നീട് കമ്പനിക്ക് തങ്ങളുടെ വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കാതെയായി. സ്രെയ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡിനും സ്രെയ് എക്വിപ്‌മെന്റ് ഫിനാന്‍സ് ലിമിറ്റഡിനുമെതിരെ നേരത്തെ ആരംഭിച്ചതിന് സമാനമായ നടപടികളാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് കാപ്പിറ്റലിന്റെ കാര്യത്തിലും ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സ് കാപിറ്റല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top