20 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൈനികനെ സുരക്ഷാസേന വധിച്ചു

ബാങ്കോംഗ്: തായ്‌ലന്‍ഡില്‍ 20 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൈനികനെ സുരക്ഷാസേന വധിച്ചു. വടക്കുകിഴക്കന്‍ മേഖലയായ നഖോണ്‍ രത്ചസിമയിലാണ് സംഭവം. സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്റ് ജക്രപന്ത് തോമ്മയെയാണ് സുരക്ഷസൈന്യം വധിച്ചത്.

അക്രമിയെ കീഴ്‌പ്പെടുത്താനുള്ള സൈനിക നടപടിക്കിടെ വെടിവയ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡറെയും മറ്റ് രണ്ട് പേരെയും സൈനിക ക്യാംപില്‍ വെടിവച്ചശേഷം മോഷ്ടിച്ച കാറില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി തോമ്മ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് മുവാംഗ് ജില്ലയിലെ ടെര്‍മിനല്‍ 21 ഷോപ്പിംഗ് മാളിലേക്കുള്ള വഴിയില്‍ പൊതുജനങ്ങള്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ നഗരത്തിലും സമീപ നഗരങ്ങളിലും നൂറുകണക്കിനു സൈനികരെയാണ് വിന്യസിച്ചത്. അതിനിടെയാണ് സൈനികനെ സുരക്ഷസേന വധിച്ചത്.

Top