ബാങ്കിംഗ് മേഖല സമ്മര്‍ദ്ദത്തില്‍; രക്ഷപ്പെടുത്താന്‍ സര്‍ക്കാരിന് ശേഷി പോരാ; അഭിജിത്ത് ബാനര്‍ജി

ന്ത്യയുടെ ബാങ്കിംഗ് മേഖല കനത്ത സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നോബല്‍ സമ്മാനജേതാവും, ഇക്കണോമിസ്റ്റുമായ അഭിജിത്ത് ബാനര്‍ജി. ഈ അവസ്ഥയില്‍ സഹായിക്കാനുള്ള അവസ്ഥ സര്‍ക്കാരിനും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം ആളുകള്‍ക്ക് സമ്പദ് സ്ഥിതിയില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടെന്നതിന്റെ സൂചനയാണെന്നും ബാനര്‍ജി വ്യക്തമാക്കി.

‘നിലവില്‍ സാമ്പത്തിക മേഖലയാണ് ഏറ്റവും സമ്മര്‍ദത്തിലുള്ളത്. സാമ്പത്തിക മേഖലയെക്കുറിച്ച് നമ്മള്‍ ആശങ്കപ്പെടണോയെന്ന കാര്യത്തില്‍ ചോദ്യം ഉദിക്കുന്നില്ല, ബാങ്കിംഗ് മേഖലയും സമ്മര്‍ദത്തിലാണ്. ഇവരെ രക്ഷിക്കാനുള്ള അവസ്ഥയിലല്ല സര്‍ക്കാരുള്ളത്’, ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമ്പദ് വ്യവസ്ഥയില്‍ ആവശ്യങ്ങള്‍ക്കും കുറവ് വന്നിട്ടുണ്ട്. കാറും, ടുവീലറുകളും വില്‍ക്കപ്പെടുന്നില്ല. ഇതെല്ലാം സമ്പദ് സ്ഥിതിയില്‍ ആളുകള്‍ക്ക് ആത്മവിശ്വാസം ഇല്ലെന്നതിന്റെ സൂചനയാണ്. അതിനാല്‍ ഇവര്‍ ചെലവഴിക്കാതെ പിന്നോക്കം നില്‍ക്കുകയാണ്’, അഭിജിത്ത് ബാനര്‍ജി പറഞ്ഞു. ഈ മാന്ദ്യം രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഗ്രാമീണ, നാഗരിക മേഖലകള്‍ പരസ്പരം സഹകരിച്ച് നില്‍ക്കുന്നവയാണ്. നഗരമേഖലയില്‍ യോഗ്യത കുറഞ്ഞ തൊഴിലവസരങ്ങള്‍ ലഭിക്കുമ്പോഴാണ് ഇതില്‍ നിന്നുള്ള പണം ഗ്രാമമേഖലയിലേക്ക് ഒഴുകി ദാരിദ്ര്യം കുറയുക. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴില്‍ ഇല്ലാതാകുമ്പോള്‍ ഇത് ഗ്രാമമേഖലയെ ബാധിക്കും, ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

Top