10 പൊതുമേഖല ബാങ്കുകള്‍ നാലാകും; രാജ്യത്തെ മെഗാ ബാങ്ക് ലയനം ഇന്ന് . . .

ന്യൂഡല്‍ഹി രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഇന്ന് യാഥാര്‍ഥ്യമാകുന്നു. 10പൊതുമേഖല ബാങ്കുകള്‍ ഈ മെഗാ ലയനത്തോടെ നാലായി ചുരുങ്ങും. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്.

പദ്ധതിപ്രകാരം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിക്കും.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കുന്നതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി പിഎന്‍ബി മാറും. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്.

സിന്‍ഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കില്‍ ലയിക്കുന്നതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായും മാറും.

ലയിക്കപ്പെടുന്ന ബാങ്കുകളുടെ എല്ലാ ഇടപാടുകാരും നാളെത്തന്നെ പഞ്ചാബ് നാഷനല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ‘ആങ്കര്‍ ബാങ്കു’കളിലൊന്നിന്റെ ഭാഗമായി മാറും. ഇവര്‍ക്ക് ആങ്കര്‍ ബാങ്കിന്റെ ചെക് ബുക്, എടിഎം / ഡെബിറ്റ് കാര്‍ഡ് എന്നിവയും ലഭിക്കും.

രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 10 ബാങ്കുകളുടെ ലയന പദ്ധതികളെ സംബന്ധിച്ച് മാര്‍ച്ച് 4 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായയിരുന്നത്. 2017ല്‍ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു.

ലയനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ബാങ്കുകള്‍ക്കുമായി 1482 ശാഖകളാണു കേരളത്തിലുള്ളത്. പുനര്‍ക്രമീകരണത്തോടെ ഇവയില്‍ 250 എണ്ണമെങ്കിലും ഇല്ലാതാകും. അതോടെ പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാം കൂടി സംസ്ഥാനത്തുള്ള ശാഖകളുടെ എണ്ണം 4059ല്‍ നിന്നു 3809 ആയി ചുരുങ്ങുകയും ചെയ്യും.

Top