വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാം; പിഴയില്ലാതെ മാര്‍ച്ച് 31വരെ

സ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അവസരം നല്‍കിയുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. മാര്‍ച്ച് 31നകം കുടിശിക മുഴുവന്‍ അടയ്ക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെ പിഴ ഒഴിവാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വസ്തു നികുതിയിളവ് ലഭിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ വസ്തു നികുതി അടയ്ക്കണം. വകുപ്പ് മേധാവികള്‍ ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം അടിയന്തരമായി നല്‍കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നൂറു ശതമാനം നികുതി പിരിവ് ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ നികുതി പിരിവ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കും സ്ഥാപന ഉടമകള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിലും ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടര്‍മാരുടെ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top