BANK ROBERRY IN Venjaramoodu Co-operative Bank

വെഞ്ഞാറമൂട്: സെക്യൂരിറ്റിയെ വെട്ടി വീഴ്ത്തി വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം.

തലയ്ക്ക് വെട്ടേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ജയചന്ദ്രന്‍ നായരെ (36) ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെ ബാങ്കിലെത്തിയ സെക്രട്ടറിയാണ് ജയചന്ദ്രനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്വാസം മാത്രമുണ്ടായിരുന്ന ഇയാളെ ഉടന്‍ ആംബുലന്‍സ് സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രിയിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണബാങ്കിന്റെ മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് രണ്ടാം നിലയിലേക്കുള്ള ഷട്ടര്‍ തകര്‍ത്ത മോഷ്ടാവ് ബാങ്കിന്റെ സ്‌ട്രോംഗ് റൂം തകര്‍ത്തു. ഓഫീസ് റൂമിലെ അലമാര പൊളിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്.

പണമോ പണയ ഉരുപ്പടികളോ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കിന്റെ മുന്‍വശത്ത് സെക്യൂരിറ്റി ഇരിക്കുന്ന സ്ഥലത്ത് പിടിവലിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബാങ്കിന്റെ താക്കോല്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് പിടിവലിക്കും സെക്യൂരിറ്റിക്ക് വെട്ടേല്‍ക്കാനും കാരണമായതെന്ന് കരുതുന്നു.

ജയചന്ദ്രന്റെ മൊബൈലും പഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്. സെക്രട്ടറി അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സി.സി ടിവി ക്യാമറാ സംവിധാനം പ്രവര്‍ത്തന ക്ഷമമായതിനാല്‍ ഇതില്‍ നിന്നും മോഷ്ടാക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

വെഞ്ഞാറമൂട് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ഉടന്‍ സ്ഥലത്തെത്തും.

കവര്‍ച്ചാശ്രമം അറിഞ്ഞ് നിക്ഷേപകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി സ്ഥലത്തെത്തിയിട്ടുണ്ട്.

Top