സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലാക്കുമെന്ന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്വൈസറി പുറത്തിറക്കിയിരിക്കുകയാണ്.

കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക. അതേസമയം, സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി.

ഇതോടെ 401 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top