പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: ചില പ്രത്യേക വായ്പകളുടെ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇ‌എം‌ഐകൾ ഇതോടെ ഉയരും. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെ ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂലൈ 12 മുതലാണ് പ്രാബല്യത്തിൽ വരിക.

ഒരു വർഷത്തെക്കുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.50 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയരും. മൂന്ന് മാസത്തെ കാലാവധിയുള്ള വായ്പകൾക്ക് എംസിഎൽആർ നിലവിലെ 7.25 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയരും. ഒറ്റരാത്രി, ഒരു മാസം കാലയളവിൽ വരുന്ന വായ്പകളുടെയെല്ലാം എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ കാറുകൾക്കും വേണ്ടിയുള്ള വായ്പയുടെ പലിശ നിരക്ക് 7.70% മുതൽ 10.95% വരെയാണ്. ഇരുചക്രവാഹന വായ്പകൾക്ക് 11.95% പലിശ നിരക്ക് ഈടാക്കുന്നുണ്ട്. ഇന്ന് ഓഹരി വിപണിയിൽ ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 3.7 ശതമാനം ഉയർന്ന് 109.55 രൂപയിൽ ക്ലോസ് ചെയ്തു.

Top