ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

Banks India

കൊച്ചി : ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും , ലയനം ഗ്രാമീണ – കാര്‍ഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.

സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാര്‍ഷിക മേഖലയേയും ചെറിയ ബാങ്കുകളെയും ഇല്ലാതാക്കുന്ന നീക്കത്തെ ചെറുക്കണമെന്നും അദേഹം പറഞ്ഞു.

എസ്.ബി.ടി – എസ്.ബി.ഐ ലയനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ലയനത്തിലൂടെ വലിയ ബാങ്കുകളെ മാത്രം നിലനിറുത്തുക മാത്രമാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്ക് ലയന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ലയനം പൂർത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.

പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. കാനറ, സിൻഡിക്കേറ്റ് ബാങ്കുകളും ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നൽകും. ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നാകും. യൂണിയൻ, കോർപറേഷൻ, ആന്ധ്രാ ബാങ്കുകളും ഒന്നാകും.

Top