ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നാളെ ദേശവ്യാപകമായ പണിമുടക്ക് നടത്തും

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നാളെ ദേശവ്യാപകമായ പണിമുടക്ക് നടത്തും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐഇബിഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 22ന് അവധിയായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, ഡിന്‍ഡിക്കേറ്റ് ബാങ്ക് ഉള്‍പ്പടെയുള്ളവ ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. സ്വകാര്യ മേഖലാ ബാങ്കുകള്‍ പണിമുടക്കിന്റെ ഭാഗമല്ല.

കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കാനായി തീരുമാനിച്ചതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ബാങ്കുകളെ ലയിപ്പിക്കുന്നതിനെതരിയെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

Top