ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്ക് ബാങ്കുകളുടെ ലയനം പരിഹാരമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം വലിയ ആപത്തിലേക്ക് പോകുമെന്നും തോമസ് ഐസക് പറഞ്ഞു. ബാങ്കുകളുടെ ലയനത്തിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ ബാങ്ക് ലയന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചത്. ലയനം പൂർത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.

പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. കാനറ, സിൻഡിക്കേറ്റ് ബാങ്കുകളും ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നൽകും. ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നാകും. യൂണിയൻ, കോർപറേഷൻ, ആന്ധ്രാ ബാങ്കുകളും ഒന്നാകും.

Top