മാസ്‌ക് ധരിക്കാതെ ബാങ്കിലെത്തിയ സ്ത്രീയെ വിലങ്ങിട്ട് പൊലീസ്

ടെക്‌സസ്: കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മാസ്‌ക് ധരിക്കാതെ ബാങ്കിലെത്തിയ 65കാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. യുഎസിലെ ടെക്‌സസിലാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും ടെറി റൈറ്റ് (65) മാസ്‌ക് എടുത്തു ധരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇവരെ പിടികൂടിയ പൊലീസ് വിലങ്ങണിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ടെക്‌സസിലെ ഗാല്‍വെസ്റ്റണിലുള്ള ബാങ്ക് ഓഫ് അമേരിക്ക ശാഖയിലായിരുന്നു സംഭവം. അതേസമയം, മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ നടപടിയില്‍ കുറ്റബോധമില്ലെന്നാണ് ടെറിയുടെ പ്രതികരണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് തടഞ്ഞതിനും നിയമവിരുദ്ധമായി അതിക്രമിച്ചു കടന്നതിനുമാണ് ടെറി റൈറ്റിനെതിരെ കേസെടുത്തിട്ടുള്ളത്.

പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നുള്ള നിബന്ധന കഴിഞ്ഞ ബുധനാഴ്ച ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് നീക്കിയിരുന്നു. എന്നാല്‍ മാസ്‌ക് ധരിച്ച് ഉപഭോക്താക്കള്‍ വരേണ്ടതുണ്ടോ എന്ന് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പല സ്ഥാപനങ്ങളും മാസ്‌ക് വേണ്ടെന്നു വെച്ചിട്ടില്ല.
ബാങ്ക് ശാഖയ്ക്കുള്ളില്‍ കടന്ന 65കാരി മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെയായിരുന്നു മാനേജര്‍ പോലീസിനെ വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തു കടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ബാങ്കിനുള്ളില്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്ന ടെറിയുടെ ദൃശ്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ചുറ്റും നില്‍ക്കുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കുന്നതായും ചിത്രങ്ങളില്‍ കാണാം.

 

Top